2011, ജൂലൈ 14, വ്യാഴാഴ്‌ച

ഏറ്റവും ബോറന്‍ രസവും ........... ഏറ്റവും നല്ല ഫിഷ്‌ മോളിയും

      മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും പടങ്ങളില്‍  കാണുന്നത്  പോലെ വാടകയ്ക്ക് കുറച്ചു  ഗുണ്ടകളെ എനിക്കും വേണം , ക്ഷമിക്കണം തല്ലാനല്ല തര്‍ക്കിക്കാന്‍ പറ്റിയ ഗുണ്ടകള്‍, വൈക്കം ബഷീറിന്‍റെ കഥകളിലേ  പോലെ   ഒരു ഭയങ്കര സംഭവം എന്‍റെ  ജീവിതത്തിലും  ഉണ്ടായി .ഞങ്ങളെ  ,ഞങ്ങളെ  എന്ന്  പറഞ്ഞാല്‍  ഞാനും  അബുവും     ,ബിജുവും   ,  അനിയനും   പിന്നെ ഷബീറും ഒക്കെ അടങ്ങുന്ന  എന്‍റെ  ഓഫീസിലെ   അഞ്ചു ആറു പേരെ ഒരാള്‍ ഒറ്റയ്ക്ക് അടിച്ചു നിരപ്പാക്കി ,ഇത്രയും സ്ട്രോങ്ങ്‌  ആയ നാക്കും ,വാക്കും ദൈവത്തിനാണേ  ഞാന്‍ മുന്‍പ് കണ്ടിട്ടില്ല . അത് കൊണ്ട് ഇത് വായിക്കുന്ന മാന്യ വായനക്കാര്‍      ‍( ആരേലും വായിക്കുമെങ്കില്‍ )  ഇതിനൊരു പരിഹാരം  ഒരു സമാധാനം   പറഞ്ഞു തരണം .

    ഇനി ഞാന്‍  ആ സംഭവം എന്താണെന്നു പറയാം , നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടോ എന്നറിയില്ല , ഇത്തരത്തില്‍ ഒരാള്‍ ,ചുരുക്കി ഒരു വരിയില്‍ പറഞ്ഞാല്‍ "എനിക്ക് തോല്‍ക്കാന്‍ മനസ്സില്ല , ഞാന്‍ എല്ലാം  തികഞ്ഞവന്‍"  ഇതാണയാള്‍

    കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ സൗദി അറേബ്യയില്‍    ഈ പറഞ്ഞ ചെറിയ വലിയ മനുഷ്യന്‍റെ കൂടെ പണി എടുക്കാന്‍ തുടങ്ങിയിട്ട് . പ്രശ്നങ്ങളുടെ തുടക്കവും ഒടുക്കവും  ഞങ്ങളുടെ ലഞ്ച് ടൈമില്‍ ആണ് , ചിലപ്പോളെക്കെ അത് എന്‍റെയോ  മറ്റു സഹ പ്രവര്‍ത്തകരുടെയോ  കാബിന്‍ വരെ നീളും.

    ഞങ്ങളുടെ ഓഫീസില്‍  ഞാന്‍ അടക്കം  ആറോ  ഏഴോ മലയാളികള്‍  നല്ല സൌഹൃദത്തിലും ,രാഷ്ട്രിയ ഭിന്നതയിലും കഴിയുന്നു , ഞാന്‍ പറഞ്ഞ വ്യക്തി ഏതാണ്ട് ഒരു ഇരുപത്തിയഞ്ച് വര്‍ഷമായി പ്രവാസ ജീവിതം തുടങ്ങിയിട്ട് , ഞാന്‍ വന്നിട്ട് രണ്ടു കൊല്ലവും . ഞാന്‍ വന്നു ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അവരോടു ഒത്തു ചേര്‍ന്നു. കൂട്ടത്തില്‍ ഒന്ന് പറയട്ടെ കൂടെ പണി എടുക്കുന്ന ഒരാളെ അവഹേളിക്കാനല്ല ഇത് എഴുതുന്നത് . കുറച്ചു സംഭവങ്ങള്‍ . ഒരു പക്ഷെ  ചായക്കോപ്പയിലെ കൊടുങ്കാറ്റുകള്‍

    ഇനി കുറച്ചു ഫ്ലാഷ് ബാക്ക് പറയാം എന്നിട്ട് ഇന്നത്തെ സംഭവം പറയാം . ഈ മനുഷ്യന്‍ എന്നെങ്കിലും ഒരു ദിവസം നിങ്ങള്‍ കൊണ്ട് വരുന്ന എന്തെങ്കിലും ഒരു ഡിഷ്‌ കഴിച്ചു എന്നിരിക്കട്ടെ , (ദൈവതിനാ ണേ  അന്ന് നിങ്ങള്‍ കണ്ട  കണി , നിങ്ങള്‍ ഇനി ഒരു ജന്മത്തിലും കാണരുത് എന്ന് പ്രാര്‍ത്ഥിക്കും  ). പിന്നെ തുടങ്ങുകയായി ആ സാധനം പിന്നെ അതിനെ കറി എന്നോ  സാമ്പാര്‍ എന്നോ ഉപ്പേരി എന്നോ  വിളിക്കാന്‍ പറ്റില്ല ,സാധനം മാത്രം . ആ സാധനം  ലോകത്തിലെ ഏറ്റവും മോശപെട്ട , അത്തരത്തില്‍ പെട്ട ഒന്നാകും .    അപ്പോള്‍ അതിലെ ഏറ്റവും മുന്തിയത് എവിടെയാ സംശയമുണ്ടോ  ? ഞാന്‍ നിങ്ങളോടാ ചോദിക്കുന്നത് . അതെ, നിങ്ങളോട് തന്നെ , വായനക്കാരോട് . കാരണം എനിക്ക് സംശയം ഒന്നും ഇല്ല . മുമ്പെങ്ങോ സംശയിച്ചതിനു കിട്ടിയ മറുപടി ഇപ്പോളും എന്‍റെ  അന്തരാളത്തില്‍ കിടന്നു ജ്വലിക്കുന്നു.

    അങ്ങേരുടെ വീട്ടില്‍  അങ്ങേരും കുടുംബവും ഉണ്ടാക്കുന്നതിനും നന്നായി ഒരു ഡിഷ്‌ , അല്ലെങ്കില്‍ ഒരു , ഒരു.....  ഒരു........  എന്തെങ്കിലുമാകട്ടെ നിങ്ങള്‍ക്കുണ്ടാക്കാന്‍ കഴിയുമോ .എങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ ഒരു ആയിരം   റിയാല്‍ തരാം , കഴിയില്ല  മക്കളെ നിങ്ങള്‍ക്ക് കഴിയില്ല .
കഴിയില്ല മോനെ ഈ ജന്മത്തില്‍ കഴിയൂല . അങ്ങേരുടെ തന്നെ വാക്കുകള്‍ കടം എടുത്താല്‍ " മോനെ ആധികാരികമായ  അറിയുന്നത്  കൊണ്ടാ  ഞാന്‍ പറയുന്നത് അല്ലാതെ വെറുതെ വഴ വഴ എന്നല്ല"


    ഇപ്പൊ മനസ്സിലായിക്കാനും    ഈ  മനുഷ്യനെ പറ്റി, ഇനി മനസ്സിലായില്ലെങ്കില്‍ ക്ഷമിക്കണം എനിക്ക് ഇതില്‍ കൂടുതല്‍  വിവരിക്കാന്‍  കഴിയില്ല, വേണമെങ്കില്‍ രണ്ടു വരി കൂടി പറയാം , അങ്ങേര്‍ പഠിച്ച  കോളേജ് ബെസ്റ്റ് കോളേജ് , ഇനി അതില്‍ തന്നെയാണ് നിങ്ങളും പഠിച്ചെങ്കിലോ , ഏ  അപ്പൊ അത് നല്ലതായിരുന്നില്ല  അങ്ങേര്‍  പഠിക്കുമ്പോള്‍  അത് ബെസ്റ്റ് ആയിരുന്നു, ഇനിയിപ്പോ അതെ ബാച്ചില്‍ അതെ ക്ലാസ്സില്‍ ആയാലും കാര്യമില്ല , ക്ലാസ്സിലെ അങ്ങേര്‍  ഇരിക്കുന്ന സീറ്റ്‌ ആണ് ബെസ്റ്റ് ഇങ്ങനെ പോകും കാര്യങ്ങള്‍  അവിടെ തീരില്ല കൂടുതല്‍ തര്‍ക്കിച്ചാല്‍ മറ്റുള്ള എല്ലാ   കോളേജ് ഉം  മഹാ മഹാ ബോറാണെന്നു  തെളിയിച്ചു കയ്യില്‍ തരും . ഞാന്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്ന് കേട്ട് കാണും , ഇത് കൊമ്പ് മാത്രമല്ല  എല്ലാം നാലു വീതം ഉണ്ടെന്ന പ്രകൃതം .

ഇനി ആ സംഭവം പറയാം .

    ഒത്തിരി   ദിവസത്തെ     ആലോചനയ്ക്കു  ശേഷം  ഞങ്ങള്‍ എല്ലാ മലയാളികളും ചേര്‍ന്നു ആ ചെറിയ വലിയ മനുഷനെ എങ്ങനെ തറപറ്റിക്കാം    എന്ന് ഒരു വലിയ പദ്ധതി ഉണ്ടാക്കി  , ഞങ്ങളുടെ ലക്‌ഷ്യം ഇത്രമാത്രം "ശരിയാണടാ  നീ പറയുന്നതും " എന്നൊരു വാക്ക് അങ്ങേരുടെ വായില്‍ നിന്ന് വരണം ,അല്ലെങ്കില്‍ " കൊള്ളാമെടാ   തന്‍റെ    കറിയും  " എന്നെങ്കിലും അങ്ങേര്‍ പറയണം ,അല്ലാതെ ഞാന്‍ പറഞ്ഞത് തെറ്റാണു നീ പറഞ്ഞത് ശരി എന്നൊന്നും പറയും എന്ന്   ഞങ്ങള്‍ പ്രതീക്ഷിച്ചിട്ടേ ഇല്ല.

    ഞാനും  അബുവും, ബിജുവും, അനിയനും   പിന്നെ ഷബീറും വേറെ  രണ്ടു മലയാളികളും ചേര്‍ന്ന് ഒരു വലിയ പ്ലാന്‍ തന്നെ അതിനായി ഉണ്ടാക്കി, ഞങ്ങളുടെ ആയുധങ്ങള്‍ എല്ലാം മൂര്‍ച്ച  വരുത്തി . പതിനെട്ടടവും , കുങ്ങ്ഫുവും കരാട്ടെയും (വാക്ക് തര്‍ക്കത്തിന്‍റെ ) ഞങ്ങള്‍ പ്രാക്ടീസ് ചെയ്തു .

    അങ്ങനെ അങ്കതട്ടില്‍ എന്ന് വെച്ചാല്‍ ഞങ്ങളുടെ ഡൈനിങ്ങ്‌ ഹാളില്‍ മലയാളികള്‍ ഇരിക്കുന്ന വട്ട മേശയില്‍ വെച്ച് ഞങ്ങള്‍ അങ്കം തുടങ്ങി.

     വിഷയം തുടങ്ങിയത് ഭക്ഷണം തന്നെ , ഞങ്ങള്‍ എല്ലാവരും  തളര്‍ന്നു  രസം  മുതല്‍ ഫിഷ്‌ മോളി വരെ എല്ലാറ്റിനും ആധികാരിക റിപ്പോര്‍ട്ട്‌ റെഡി . ഞങ്ങള്‍ കൊണ്ട് വന്നത് ചോറും ചപ്പാത്തിയും കറികളും ആണോ എന്ന് വരെ ഞങ്ങള്‍ക്ക് സംശയം വന്നു.

    ബൈജു പിന്നെ ഒന്ന് മാറ്റി ചവുട്ടി പത്മനാഭ സ്വാമി ക്ഷേത്രം . അവിടെയും രക്ഷയില്ല ആ നിധി ആരുടെയാണ്? എവിടെ നിന്ന് വന്നു ? എങ്ങനെ ചിലവാക്കണം ? എന്ന് ഉമ്മന്‍ ചാണ്ടിയും മറ്റും ഇങ്ങേരെ ഒന്ന് കൂടിയാലോച്ചിച്ചിരുന്നെങ്കില്‍ പിന്നെ അവര്‍ക്ക് യാതൊരു കണ്ഫുഷനും ഉണ്ടാവില്ല  അത്രയ്ക്ക് പെര്‍ഫെക്റ്റ്‌ .

    ആ  പ്രസ്താവനകള്‍ കഴിഞ്ഞു ആ ചെറിയ മനുഷന്‍റെ ഞെളിഞ്ഞു ഇരിപ്പ് ഒന്ന് കാണണം മോനെ ...........   പെറ്റ തള്ള കണ്ടാല്‍ സഹിക്കുകേല ,

    പിന്നെ രാഷ്ട്രീയം , സ്വാശ്രയ കോളേജ് എല്ലാറ്റിലും , ബെസ്റ്റ്  ആന്‍ഡ്‌ ബെസ്റ്റ്  അഭിപ്രായം , അങ്ങേരുടെത് തന്നെ മറുത്തു അല്ല അങ്ങനെയല്ല എന്ന് ഒരു വാക്ക് പറയാന്‍ ഒരാളെയും  അനുവദിച്ചില്ല , ഞങ്ങള്‍ അറെഴു  പേരെ ഒറ്റയ്ക്ക് വെട്ടി നിരത്തിയ കാഴ്ച അതൊന്നു കാണേണ്ടത് തന്നെ.

    പക്ഷെ ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നന്നായി മത്സരിച്ച അനിയന്‍ ഒരു ചെറിയ ചൂണ്ടയിട്ടു.

    ഒരു പാചക മത്സരം നിബന്ധന ഇങ്ങനെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരു ഡിഷ്‌ ഉണ്ടാക്കണം രസം മതി , അങ്ങേര്‍ ഞങ്ങള്‍ക്ക് ഫിഷ്‌ മോളി അടക്കം ഒത്തിരി ഉണ്ടാക്കും , എന്നിട്ട് പറയണം ഏതാണ് ബെസ്റ്റ് എന്ന് . ദിവസം ഉറപ്പിച്ചു അടുത്ത വ്യാഴം  , ചെലവ് എല്ലാവരും കൂടെ തുല്യമായി .മിക്കവാറും എല്ലാവരുടെയും കുടുംബങ്ങള്‍ നാട്ടില്‍ ആയതു കൊണ്ട് എല്ലാവര്‍ക്കും സമതം.

ആ ചെറിയ  വലിയ  മനുഷ്യനും അത് സമ്മതം .

    അങ്ങനെ  മാലോകരെ ഈ ലോകത്തിലെ ഏറ്റവും ബോറന്‍ രസവും ഈ ഭുലോകത്തെ   ഏറ്റവും നല്ല ഫിഷ്‌ മോളി , ചെമ്മീന്‍ കറി , ചിക്കന്‍ ഫ്രൈ കൂടാതെ അവിയല്‍  തുടങ്ങിയ  സാധനങ്ങള്‍ സൗദി അറേബ്യയിലെ ഒരു വീട്ടില്‍ ഉണ്ടാക്കാന്‍ പോകുന്നു അടുത്ത വ്യഴാഴ്ച , എല്ലാവര്‍ക്കും സ്വാഗതം .

    അപ്പോഴും ഒരു ചോദ്യം ബാക്കി , എങ്ങനെ ഇയാളെ ഒന്ന് മുട്ട് മടക്കിപ്പിക്കും ,അതിനു വേണ്ടി ഏതു യോദ്ധാവിനെ കൊണ്ട് വരും?. സഹൃദയരായ വായനക്കാരില്‍ നിന്നും അതിനുള്ള കോട്ടെഷന്‍ ക്ഷണിച്ചു കൊണ്ട് നിര്‍ത്തുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ